Maala Parvathi Instagram – പറന്ന് പോകുന്ന പക്ഷിക്കും, ചുറ്റുമുള്ള മനുഷ്യർക്കും ഭക്ഷണം കൊടുക്കാനാഗ്രഹിക്കുന്ന, അതും നല്ല സ്വാദുള്ള ഭക്ഷണം ഉണ്ടാക്കി നൽകാൻ ഇഷ്ടമുള്ള രണ്ട് പേരാണ് മാമോവും മാളുവും. ആ ഇഷ്ടം അവർ, ജീവിക്കാൻ ഒരു വഴിയാക്കി, മാറ്റാൻ തീരുമാനിക്കുന്നു. അങ്ങനെ അങ്ങനെ അവർ, ഒരു കുഞ്ഞു കഫേ തുടങ്ങാൻ തീരുമാനിക്കുന്നു. ജാതിയുടെയും മതത്തിൻ്റെയും വേർതിരിവില്ലാത്ത ഒരു പേരാണ് അവരുടെ സ്വപ്ന കഫേക്ക് ഇടാൻ അവർക്ക് വേണ്ടത്.
ഭക്ഷണം കഴിക്കാനും, കല ചെയ്യാനും,അവതരിപ്പിക്കാനും പറ്റുന്ന ആ ഇടത്തിന് അവർ ”പാപ്പിസോറ” എന്ന് പേരിട്ടു.
ആ സ്വപ്നതുല്യമായ ഇടം അവർ നിർമ്മിച്ചതാകട്ടെ ഒരു മര മുകളിൽ.ചില്ലകൾക്കിടയിൽ കൂടാരങ്ങളിൽ ഭക്ഷണവും, ശിഖരങ്ങൾക്ക് നടുവിൽ സ്‌റ്റേജും, പൊത്തുകളിൽ ബാത്ത് റൂമും.. എന്ന് വേണ്ട.. എല്ലാ സൗകര്യവും.വരുന്നവർക്ക്, മരത്തിൻ്റെ കൂടാരത്തിൽ കയറാൻ ഏണിയും.. അവർ ഒരുക്കി വച്ചു.
ഒരുക്കങ്ങളെല്ലാം മാമോവും മാളുവും തകൃതിയിൽ ചെയ്തു.
ആ സ്വപ്നങ്ങൾ ഒരുക്കുന്നതിന് മലമുകൾ കയറുന്ന ആയാസമുണ്ടായിരുന്നെങ്കിലും, അതിന് മുകളിലെത്തിയാൽ അവർ കാണാൻ പോകുന്ന നക്ഷത്രങ്ങൾ അവർക്ക് ഊർജ്ജം നൽകി.
അങ്ങനെ ഉദ്ഘാടന ദിവസം വന്നെത്തി. പ്രതീക്ഷിക്കാത്ത ജനമാണ് അന്ന് അവിടെ വന്നത്. ചായ കൊടുത്തും, കാപ്പി കൊടുത്തും, വൃത്തിയാക്കിയും ഓടിനടന്നിരുന്ന മാമോ പാതിയിൽ വീണു പോയി. മാളു അവനെ ഉണർത്താൻ നോക്കുന്നുണ്ട്, സമാധാനിപ്പിക്കാനും. ”നമുക്ക് പറ്റും “, ഇല്ലെങ്കിൽ നമുക്ക് വീണ്ടും തുടങ്ങാം എന്നൊക്കെ.. ആ ഉണർത്താനുള്ള ശ്രമത്തിനിടയിൽ മാളു കാണികളോടും പറയുന്നുണ്ട്.. ‘ഞങ്ങളെ പോലെ ഒരു പാട് പേരുണ്ട്. പാതിയിൽ വീണ് പോകുന്നവർ. നിങ്ങൾ ഞങ്ങളെയും ഓർക്കണേ.. ചേർത്ത് പിടിക്കണേ” എന്ന്..
Itfok ൽ തൃശൂർ ടൗൺ ഹോളിൽ നടന്ന നാടകം കണ്ണും മനസ്സും നിറച്ചു. പ്രധാന വേഷം ചെയ്ത മാമോവിൻ്റെയും, മാളുവിൻ്റയും പ്രകടനം മനസ്സിൽ നിന്ന് മായില്ല.
അലിയാർ അലി സംവിധാനം ചെയ്ത @Pappisora എന്ന നാടകം 25 വേദികൾ പിന്നിട്ടു., 25 വേദികളിലും വ്യത്യസ്ത ക്ലൈമാക്സുകൾ ആയിരുന്നു എന്നാണ് ഈ നാടകത്തിൻ്റെ ആരാധകർ പറഞ്ഞത്. ഇന്നത്തെ അവതരണത്തിന് ക്ലൈമാക്സ് ഉണ്ടായിരുന്നില്ല. ക്ലൈമാക്സ് സംഭവിച്ചത് കാണിയുടെ ഹൃദയത്തിലാണ്. സഹജീവിയോടുള്ള കരുതലിനെ കുറിച്ച് നാടകം സംസാരിച്ചപ്പോൾ.. ജീവിതത്തിൽ നമ്മൾ കണ്ട എത്രയോ പേരുടെ മുഖം മനസ്സിലൂടെ കടന്ന് പോയി! കടന്ന് പോകുന്നു! കോവിഡ് കാലം വരുമെന്നറിയാതെ.. ബിസിനസ്സിൽ പണം മുടക്കി.. അപ്രതീക്ഷിതമായി എല്ലാം നശിച്ചവർ ! അങ്ങനെ തകർന്ന് പോയവർ തൊട്ട്.. ഹൈവേയും മെട്രോയും ഒക്കെ വരുമ്പോൾ ജീവിതം വഴിമുട്ടുന്ന തട്ടുകടക്കാർ വരെ..!
നന്ദി പാപ്പിസോറ!
#Cognizance
#puppettheatre
#itfok
#pappisora | Posted on 16/Feb/2024 13:10:08



